നിഴൽരൂപങ്ങൾ
പറയുന്നതെന്താണോ അതാണ് നമുക്കു കഥ. കഥ പറഞ്ഞുകൊണ്ടിരിക്കുന്നു എന്നതിനര്‍ത്ഥം നാമിപ്പോഴും ജിവിച്ചിരിക്കുന്നു എന്നാണ്. കഥ ജീവിതത്തിന്റെ മറ്റൊരു വാക്കാണ്. കഥ തന്നെ ജീവിതം എന്നോ ജീവിതം തന്നെ കഥയെന്നോ തിരിച്ചും മറിച്ചും പറയുന്നത് അതിശയോക്തിയല്ല. കഥയെക്കാള്‍ വിഭ്രാത്മകവും അമ്പരപ്പിക്കുന്നതുമാണ് പലപ്പോഴും ജീവിതം എന്ന് നമ്മളറിയുന്നുണ്ട്. ജീവിതത്തെ പലമാതിരിയില്‍ ആവിഷ്കരിക്കുമ്പോള്‍ കഥ ചിലപ്പോള്‍ നുണയായി തോന്നാം. വെറും തോന്നലല്ല, കല്ലുവെച്ച നുണകള്‍ തന്നെയാണ് കഥ. ഭാഷ, ആഖ്യാനം, വിഷയം എന്നിവയിലൊക്കെ പുലര്‍ത്തുന്ന മികവിലാണ് കഥയും കഥാകാരനും പലപ്പോഴും ശ്രദ്ധിക്കപ്പെടുന്നത് . പക്ഷേ, വായനക്കാരന്റെ ഹൃദയത്തില്‍ കഥ ജീവിക്കുന്നത് അതവനെ തൊടുമ്പോഴാണ്. പതുക്കെ നേരിയ മുറിവായോ വേദനയായോ മായാത്ത അനുഭൂതിയായോ ഒരു വിങ്ങലായോ അത് ഇടയ്ക്കിടെ പൊള്ളിക്കുമ്പോള്‍, ജീവിത ദര്‍ശനത്തിന്റെ പുതിയ വാതിലുകള്‍ ഓരോ വായനയിലും തുറന്നിടുമ്പോള്‍ ഒരു കഥ മികച്ച അനുഭവമായി മാറുന്നു. മികച്ച കഥകള്‍ നമ്മുടെ ഭാഷയില്‍ ഒരുപാടുണ്ടാവുന്നുണ്ടു്. മികച്ച അനുഭവം തരുന്ന കഥകളാവട്ടെ വളരെ അപൂര്‍വ്വമായി മാത്രമേ ഉണ്ടാകുന്നുള്ളൂ. ഇതൊരു വ്യാജപ്രസ്താവനയായി വിലയിരുത്തപ്പെടാം. പക്ഷേ, സ്വന്തം ഹൃദയത്തില്‍ കൈചേര്‍ത്ത് കണ്ണടച്ച് ഒരു നിമിഷം ഓര്‍ത്തു നോക്കൂ, സമീപകാലത്ത് നാം ഹൃദയത്തെ സ്പര്‍ശിച്ച എത്രകഥകളിലൂടെ കടന്നു പോയിട്ടുണ്ട് എന്ന്.
വ്യാജ സ്തുതികളില്‍ അഭിരമിക്കുന്ന ഒരു കാലത്ത് ജീവിതം പലപ്പോഴും പൊള്ളയായ ഒന്നായിത്തീരും . ശരികള്‍ക്കുമേല്‍ കെട്ടുകാഴ്ചകള്‍ ആധിപത്യം നേടും. അര്‍ധനുണകളും അസത്യങ്ങളും നാടുവാഴും. സത്യാനന്തര കാലത്തിന്റെ മുഖമുദ്രയാണത് . രോഗലക്ഷണങ്ങള്‍ ആദ്യം കണ്ടെത്തുന്നതും ചികിത്സ വിധിക്കുന്നതും എഴുത്തുകാരും സാഹിത്യകൃതികളുമായിരിക്കും . കോവിഡ് ചികിത്സക്കെത്തുന്ന ആരോഗ്യ പ്രവര്‍ത്തകര്‍ ആ രോഗത്തിന്റെ പിടിയിലമരുന്നതുപോലെ സത്യാനന്തര കാലത്തിന്റെ ഇരകളായി പിന്നീട്ട് പലപ്പോഴും എഴുത്തുകാരനും കൃതിയും മാറും. നല്ല കഥയേത് നല്ല കവിതയേത് എന്ന് തിരിച്ചറിയാനാവാത്ത ഒരു വിഭ്രമസന്ധിയില്‍ ചിലരൊക്കെ ചേര്‍ന്ന് നമ്മുടെ വായനക്കൂട്ടത്തെ എത്തിച്ചിട്ടുണ്ട് . പത്രാധിപർ , പ്രസാധകന്‍, നിരൂപകന്‍, അഭിപ്രായരൂപീകരണം നടത്താന്‍ സ്വാധീനമുള്ള മുതിന്ന എഴുത്തുകാര്‍ എന്നിവര്‍ക്കൊക്കെ ഇതില്‍ പങ്കുണ്ട്. വായനയുടെ ലോകം വില്പനയുടെ ലോകം കൂടിയായിത്തീര്‍ന്നിട്ടുണ്ട്. ഏറ്റവും നന്നായി വായിക്കപ്പെട്ടവനല്ല ഏറ്റവും കൂടുതല്‍ വില്ക്കപ്പെട്ടവനാണ് നല്ല എഴുത്തുകാരന്‍ എന്ന നിലവന്നു. ഗ്വാ ഗ്വാ വിളിക്കുന്ന രാഷ്ട്രീയ ബോധമില്ലാത്ത അണികളെപ്പോലെ, സാഹിത്യ ബോധമില്ലാത്ത ഒരു കപടവായനക്കുട്ടവും രൂപപ്പെട്ടു കഴിഞ്ഞിട്ടുണ്ട്. ഫാന്‍സ് അസോസിയേഷന്‍കാരെപ്പോലെ. ഇവരാണ് ചില എഴുത്തുകാരെയും കൃതികളേയും കൊണ്ടു നടക്കുന്നതും പാലഭിഷേകും ചെയ്യുന്നതും.
കഥയിലേക്കു വരാം. ഏറ്റവുമധികം ഇന്നാഘോഷിക്കുന്ന സാഹിത്യരൂപം ചെറുകഥയാണല്ലോ. ചെറു എന്നത് പേരിലേയുള്ളൂ. പലതും സ്ഥുലാഖ്യാനങ്ങളാണ്. ദുര്‍മ്മേദസ്സുകൊണ്ട് ചീർത്തു തടിച്ച് നീണ്ടിരിക്കുകയാണ് പലതും . ചെറുകഥയൂടെ ഈ ലക്ഷണക്കേടാണ് അതിന്റെ സരന്ദര്യമെന്ന് വാഴ്ത്തുകാർ പാടിനടക്കുന്നുണ്ട്. വാര്‍പ്പു മാതൃകകളില്‍ തന്നെ സാഹിത്യം കറങ്ങണമെന്ന് നിർബന്ധം പിടിക്കരുതെന്ന് അവര്‍ ഓര്‍മ്മിപ്പിക്കുന്നു. അതു ശരിതന്നെ. കാലാനുസാരിയായ മാറ്റങ്ങള്‍ സാഹിത്യം ഉള്‍ക്കൊള്ളേണ്ടതുണ്ട് . അപ്പോഴും നിങ്ങള്‍ കൊട്ടിഘോഷിക്കുന്ന കഥകള്‍ പലതും പൂര്‍ണ്ണമായും വായിക്കാനാവാതെ, ആദ്യവായനയില്‍തന്നെ തടഞ്ഞുവീണ് പാതി വഴിയില്‍ ഉപേക്ഷിക്കുകയാണ് പല വായനക്കാരും ചെയ്യുന്നത് എന്നറിയൂന്നുണ്ടോ...? പുതിയ കഥ വലിയൊരു വിഭാഗം കഥാവായനക്കാരെ വായനയില്‍ നിന്നുതന്നെ അകറ്റുന്നു എന്ന് നിരീക്ഷിച്ചിട്ടുണ്ടോ...? ഇല്ലെങ്കില്‍ ഒരു കഥാവായന സർവേയ്ക്ക് കാലമായി.
മലയാളത്തില്‍ ഇന്നാഘോഷിക്കുന്ന ശ്രദ്ധേയരായ, ചെറുപ്പക്കാരായ കഥാകൃത്തുക്കളെ എടുക്കുക. അവരുടെ കഥകള്‍ ഒന്നുകൂടെ വായിക്കുക. ഞാന്‍ നേരത്തെ പറഞ്ഞതുപോലെ മികച്ച രചനകളാണ്. ക്രാഫ്റ്റ്, ഭാഷ, വിഷയ സ്വീകരണം ഒന്നിനൊന്ന് മെച്ചം. ഗവേഷകര്‍ക്കും പഠിതാക്കള്‍ക്കും കുശാല്‍. ഒരു വെട്ടുപോത്തിനു പിറകെ പായുന്നതു പോലെ കഥയ്ക്കു പിറകെ പായാം. പക്ഷേ, നല്ല ഒരു വായനക്കാരന്‍ തളര്‍ന്നു പോവും. അവനെ സംബന്ധിച്ച് കഥ ഗവേഷിക്കാനുള്ളതല്ലല്ലോ. പഠനം തയ്യാറാക്കാനുള്ളതുമല്ല. നേരത്തെ മാധവിക്കുട്ടിയേയും പത്മനാഭനേയും എം. ടി. യേയും ബഷിറിനേയുമൊക്കെ വായിച്ചു ശീലിച്ചവര്‍ക്ക് എഴുത്തുകാരെ തിരിച്ചറിയാന്‍ അവരുടെ രചനകളുടെ ഒരു തുമ്പ് പിടിച്ചാല്‍ മതിയായിരുന്നു. ഒരു വാക്കില്‍ നിന്ന്, രണ്ടു വാക്കുകള്‍ക്കിടയിലെ നിശബ്ദസ്ഥലികളില്‍ നിന്ന് ഇത് കക്കട്ടിലിന്റെയോ പുനത്തിലിന്റേയോ കഥയെന്നറിയാന്‍ കഥാപരിചയമുള്ള ഒരാള്‍ക്ക് ബുദ്ധിമുട്ടേയില്ല. ഇന്നിപ്പോള്‍ മലയാളത്തിലെ ന്യൂജെന്‍ സംവിധായകര്‍ ഫോർട്ടുകൊച്ചിയിലെ അരികുജീവിതങ്ങളില്‍ സിനിമ പരതുന്നതുപോലെ പുതു കഥാകൃത്തുക്കളും ഒരേയിടങ്ങളില്‍ തന്നെ കഥ തിരയുകയാണെന്നു തോന്നുന്നു. ഒരു കഥാകൃത്തില്‍ നിന്നും മറ്റൊരാളെ വേറിട്ടറിയാന്‍ വായനക്കാരനു സാധിക്കുന്നുണ്ടോ. നിങ്ങള്‍ വായിച്ച പുതുകഥകളില്‍ പലതിലും ആവര്‍ത്തിച്ചു വന്ന വിഷയങ്ങളും ബിംബങ്ങളും ശ്രദ്ധിച്ചുവോ? അവരുടെ ഭാഷ ശ്രദ്ധിച്ചോ... ഇതൊക്കെ ഒരു പോലെയിരിക്കുന്നുവല്ലോയെന്ന് ഇടയ്ക്കങ്കിലും തോന്നിയോ.!
കുടിയേറ്റം, അറവ്, മാംസം, പോത്ത്, രക്തം, സ്വവര്‍ഗ്ഗരതി, പെണ്ണ്, വികൃത ലൈംഗികത, തീട്ടം, കൊല... ഇതാവിഷ്‌ക്കരിക്കാന്‍ മല കയറിയോ /ഇറങ്ങിയോ വന്നൊരു ഭാഷയും. ഇപ്പറഞ്ഞതൊന്നും ജീവിതത്തിന് അന്യമല്ല. സാഹിത്യത്തില്‍ ഇതൊന്നും ആവിഷ്ക്കരിക്കുന്നതില്‍ തെറ്റുമില്ല. കഥയിലും നോവലിലുമൊക്കെ ഇതിനു മുമ്പേതന്നെ ഇതൊക്കെ അവതരിപ്പിച്ചിട്ടുമുണ്ട് . പക്ഷേ, ഇതൊക്കെയുണ്ടെങ്കിലേ പുതുകഥയാവു എന്ന് ആരെങ്കിലും പറഞ്ഞിട്ടുണ്ടോ. ഈ ചേരുവകളൊക്കെ ചേരുംപടി ചേര്‍ന്നാലേ ന്യൂജെന്‍ കഥയാവു എന്ന്. അരികു ജീവിതത്തിനും കുടിയേറ്റ ജീവിതത്തിനും കാട്ടു ജീവിതത്തിനുമപ്പുറവും ജീവിതമില്ലേ.!
വായനക്കാരില്‍ ജുഗുപ്സയുണ്ടാക്കുകയാണ് പുതുകഥയുടെ ധര്‍മ്മമെന്നു തോന്നും. തീട്ടവും, രതിവൈകൃതങ്ങളും, അറവും, ഇറച്ചിയും, ചോരയും, പാതകങ്ങളും വാരിത്തേച്ച് ഈ യുവാക്കള്‍ / യുവതികള്‍ ഇതാണ് കഥ, കഥയുടെ ഈ നവഭാവുകത്വം ഇങ്ങനെയാണ് എന്നാവര്‍ത്തിക്കുന്നതായി തോന്നും ഇവരുടെ ഒരേ ചാലിലുള്ള രചനകള്‍ കാണുമ്പോള്‍. പുതിയ കഥകള്‍ ഉള്‍ക്കൊള്ളാന്‍ കഴിയാത്തവര്‍ പഴഞ്ചരും കാലഹരണപ്പെട്ടവരുമാണെന്ന് പ്രഖ്യാപിക്കുന്നിടത്തു നിന്ന് വലിയൊരുകൂട്ടം കഥാവായനക്കാര്‍ പിന്‍വാങ്ങുന്നതു കാണുന്നുണ്ടോ. ഒന്നോ രണ്ടോ ഖണ്ഡിക വായിച്ച് കഥയില്‍ നിന്നും പിന്‍വാങ്ങുന്നവരാണ് നവകഥയുടെ ആരാധകരേക്കാള്‍ പതിന്‍മടങ്ങുള്ളതെന്ന സത്യം തിരിച്ചറിയാതെ പോവരുത്.
കഥ ചരിത്രപുസ്തകമല്ല. ദേശ-കാലങ്ങളും അനേകം കഥാപാത്രങ്ങളും സംഭവപരമ്പരകളും കുത്തിനിറക്കേണ്ട കീറച്ചാക്കുമല്ല. ചരിത്രം പോലും കഥാശരീരത്തിലെ കോശങ്ങള്‍ക്കിടയില്‍ തൊട്ടു തൊട്ടില്ല എന്ന മട്ടില്‍ ഒഴുകിപ്പോവേണ്ടുന്ന ഒന്നാണ്. ചെറുകഥയെന്ന നവ സ്ഥൂലാഖ്യാന രചനകളില്‍ ഇരവിഴുങ്ങിയ പാമ്പിലെന്നതുപോലെ ചരിത്രം മുഴച്ചുനില്‍ക്കുന്നു. അത് ദഹിക്കണമെങ്കില്‍ വായനക്കാരന്‍ എന്തോരം കഷ്ടപ്പെടണമെന്നോ.!
ജീവിതത്തിന്റെ ശ്രുതി അതിനെ മുന്നോട്ടു കൊണ്ടുപോകുന്ന നര്‍മ്മബോധമാണ്. കഥയില്‍നിന്നും നര്‍മ്മം കൈവിട്ടുപോയിട്ട് കാലമെത്രയായെന്നോ. ശിഹാബ്ദദ്ദീന്‍ പൊയ്ത്തുംകടവിലും കെ.രഘ്യനാഥനിലുമൊക്കെ അതു് വല്ലപ്പോഴും മിന്നിയെങ്കിലായി . ചുറ്റിലും ആര്‍ത്തിരമ്പുന്ന ജീവിതത്തില്‍ ആസുരത മാത്രമേയുള്ളൂ. നര്‍മ്മമില്ല. പിന്നെങ്ങനെ അതു സാഹിത്യത്തില്‍ കാണും എന്ന് വാദത്തിനു വേണമെങ്കില്‍ ചോദിക്കാം. സുഹൃത്തേ, അനുനിമിഷം നിരാശാഭരിതമായിക്കൊണ്ടിരിക്കുന്ന നമ്മുടെയൊക്കെ ജീവിതത്തില്‍ ഇത്തിരി പ്രത്യാശയും, വല്ലപ്പോഴുമൊന്ന് മനസ്സുതുറന്ന് ചിരിക്കാനുമുള്ള അവസരവും സാഹിത്യ കൃതികള്‍ ഒരുക്കണം എന്ന് ഒരു കഥാപാഠപുസ്തകത്തിലും എഴുതിവെച്ചിട്ടൊന്നുമില്ല. അപ്പോഴും സാഹിത്യം നിർവഹിക്കേണ്ടതായ ഒന്നുണ്ട്. കുറെക്കൂടി വിശാലമായ ആകാശങ്ങളിലേക്ക് നമ്മുടെ ആത്മാവിനെയും മനസ്സിനേയും കൊണ്ട് പറക്കാന്‍ പാകത്തില്‍ ഇടയ്ക്കങ്കിലും അതു് സന്നദ്ധമാവണം എന്ന സത്യം തിരിച്ചറിയേണ്ടിയിരിക്കുന്നു .
ഓർമ്മകളെ അടയാളപ്പെടുത്തുന്ന ആഴത്തിലുള്ള ചിന്തകളെ വായനക്കാരിലേക്ക് എത്തിക്കുന്ന എഴുത്തുകാരനാണ് പ്രസാദ് മണ്ണിൽ . തന്റെ നിരീക്ഷണങ്ങളിലേക്കും ബോധ്യങ്ങളിലേക്കും വായനക്കാരനെ കൊണ്ടുപോകുന്നതിലെ അനായാസതയാണ് അദ്ദേഹത്തിൻറെ ആദ്യകഥാസമാഹാരമായ “നിഴൽരൂപങ്ങൾ” എന്ന പുസ്തകത്തിലെ കഥകളെ വ്യത്യസ്തമാക്കുന്നത്.
ആദ്യ കഥയായ “നിഴൽരൂപങ്ങൾ” എന്ന കഥയിലെ രാമനുണ്ണി എന്ന കഥാപാത്രം അനുവാചകനെ ഞെട്ടിക്കും . രാമനുണ്ണി എങ്ങനെ ഭ്രാന്തനായി മുദ്രകുത്തപ്പെട്ടുവെന്നത് നിഴൽരൂപങ്ങളിലെ ടോർച്ചുവെളിച്ചത്തിന്റെ തീവ്രതയിലൂടെ വായിച്ചെടുക്കാം . ഈ കഥാസമാഹാരത്തിലെ കഥകളിലെ ഓരോ കഥാപാത്രവും വെത്യസ്തരും വ്യത്യസ്ത കഥാപരിസരങ്ങളിലൂടെയുമാണ് അനുവാചകനെ കഥാകൃത്ത് കൂട്ടിക്കൊണ്ടുപോകുന്നത് . ചണ്ടാളനിലെ ധർമജൻ, ഭഗവതിക്കാവിലെ ജാനകി , നിഴലിലെ നരേന്ദ്രൻ , മോക്ഷത്തിലെ അനന്ദൻ, തൃഷ്ണയിലെ കോര , ഒറ്റപ്പെട്ടവരിലെ ദേവൻ , സുലേഖയുടെ ഒളിച്ചോട്ടങ്ങളിലെ സുലേഖ , ഞാൻ ജോസഫിലെ ജോസഫ് എന്നിങ്ങനെ ഓരോ കഥയിലും വെത്യസ്തമായ പ്രമേയവും പാത്രസൃഷ്ടിയും , കഥാപരിസരങ്ങളും . ഈ പുസ്തകത്തിലെ 25 -കഥകളിലൂടെ സഞ്ചരിച്ചുകൊണ്ട് അവതാരിക ദീർഘിപ്പിക്കാൻ ഞാൻ ആഗ്രഹിക്കുന്നില്ല . തീവ്രമായ ഭാഷയും ചടുലമായ പാത്രസൃഷ്ടിയും കൊണ്ട് ഏറെ ശ്രദ്ധേയമാണ് എല്ലാ കഥകളും .
രാഷ്ട്രീയം പോലെ സാമൂഹ്യമാധ്യമങ്ങൾക്ക് നിർണ്ണായകസ്വാധീനമുള്ള ഒരു മേഖലയായി സാഹിത്യവും മാറിയിരിക്കുന്നു. സാഹിത്യത്തിലെ ഈ പുതിയ പ്രവണതക്ക് നിരവധി മാനങ്ങളുണ്ട്. തീർച്ചയായും അതിലൊന്ന് എഴുത്തിന്റെ ജനാധിപത്യവൽക്കരണം തന്നെയാണ്. പല തരത്തിലുള്ള മേലാളത്തരങ്ങൾ ഇന്നും കുറഞ്ഞോ കൂടിയോ നിലനിൽക്കുന്ന സാഹിത്യവ്യവഹാരത്തിലേക്ക് അരികുവൽക്കരിക്കപ്പെട്ട മനുഷ്യർക്കും പ്രവേശനം സാധ്യമാക്കുന്നതിൽ സമകാലിക സാമൂഹ്യമാധ്യമങ്ങൾക്ക് ചെറുതല്ലാത്ത ഒരു പങ്കുണ്ട്. ആൾക്കാർ തങ്ങളുടെ രാഷ്ട്രീയബോധ്യങ്ങൾ പോലെ സാഹിത്യധാരണകളെയും നിർഭയമായി വിളിച്ചു പറയാനുള്ള ഒരു വേദിയായി ഇതിനെ കാണുന്നുണ്ട്. മറ്റേതൊരു മനുഷ്യ വ്യവഹാരത്തെയും പോലെ എഴുത്തിനെയും ഒരു ബൃഹത്തായ പരമ്പരയുടെ ഭാഗമായാണ് നാം കാണേണ്ടത് . ഭൂമിയിലെ ആദിമനുഷ്യൻ മുതലാരംഭിക്കുന്ന ആ പരമ്പരയുടെ ഭാഗമായല്ലാതെ മനുഷ്യന് സാഹിത്യത്തിൽ ഒരു അസ്തിത്വമുണ്ടാകില്ല എന്ന് ഞാൻ കരുതുന്നു. വിശാലമായൊരർത്ഥത്തിൽ, അത് ചരിത്രം എന്ന ആശയം തന്നെയാണ്. മനുഷ്യന് മാത്രമാണ് ചരിത്രം എന്ന പരിവർത്തനമുള്ളത്. മറ്റു ജീവികൾക്കെല്ലാം ജൈവിക പരിണാമങ്ങളേയുള്ളു. അതുകൊണ്ടു തന്നെ എത്ര മൗലികമായ രചനകളിലും ഒരു എഴുത്തുകാരൻ അറിഞ്ഞോ അറിയാതെയോ പലരോടും പലതിനോടും കടപ്പെട്ടിരിക്കുന്നു. അതിൽ ശബ്ദവും ഭാഷയും പ്രയോഗങ്ങളും അലങ്കാരങ്ങളും രൂപകങ്ങളും ഉൾപ്പെടുന്നു. അവബോധമുള്ള ഏതൊരു മനുഷ്യനും സൈദ്ധാന്തികധാരണകളൊന്നും കൂടാതെ തന്നെ ഇത് തിരിച്ചറിയാനാകും. ആ തിരിച്ചറിവാകണം പ്രസാദ് മണ്ണിൽ എന്ന കഥാകൃത്തിന്റെ ഊർജ്ജവും ആർജ്ജവവും .
ഗംഭീരമായ കഥകൾ കൊണ്ട് സമ്പന്നമായ ഈ പുസ്തകം വായിക്കപ്പെടേണ്ടതുതന്നെ . എല്ലാവിധ ഭാവുകങ്ങളും .
വള്ളുവനാടൻ