മറിയം മഗ്ദലേനയും (എന്റേയും) പെൺസുവിശേഷം
പ്രസിദ്ധീകരിച്ചത്:
'മഗ്ദലീനയുടെ (എന്റെയും) പെണ്സുവിശേഷ’ത്തെ ഭയക്കുന്നതാര്?
ഞാനൊരു ഫെമിനിസ്റ്റാണ് എന്ന് ഉറക്കെ പ്രഖ്യാപിച്ചു കൊണ്ടാണ് രതി ദേവി പലപ്പോഴും തന്റെ നിലപാടുകള്‍ വ്യക്തമാക്കുന്നത്. ഈ പുസ്തകം ചര്‍ച്ച ചെയ്യപ്പെടണം എന്ന ഉദ്ദേശത്തോടെയാണ് വായനയുടെ തുടക്കത്തില്‍ തന്നെ എന്റെ കാഴ്ചപ്പാട് പങ്കുവയ്ക്കുന്നത് . എഴുതപ്പെട്ട നിയമങ്ങള്‍ ചോദ്യം ചെയ്യപ്പെടുന്ന ഈ പുസ്തകം ചര്‍ച്ച ചെയ്യപ്പെടണം..എഴുത്തുകാരന്റെ/ കാരിയുടെ ഭാവനയില്‍ വിരിയുന്നതാണ് രചനകള്‍, ചിലപ്പോള്‍ സത്യവുമായി ബന്ധം കാണണമെന്നുമില്ല,അത് എഴുത്തുകാരന്റെ സ്വാതന്ത്ര്യം മാത്രം.140 കോടി ജനങ്ങള്‍ വിശ്വസിക്കുന്ന വിശ്വാസ പ്രമാണങ്ങള്‍ ചോദ്യം ചെയ്യപ്പെടുമ്പോള്‍ , തര്‍ക്ക വിഷയമാകാം.വായനയും പുനര്‍വായനയും ഓരോ രചനയെയും കൂടുതല്‍ അര്ത്ഥസമ്പുഷ്ടമാക്കുമെന്നു അവകാശപ്പെടുന്ന അറുപതുകളിലെ ദെരീദിയന് അപനിര്‍മ്മാണ സിദ്ധാന്തങ്ങളുടെ ചുവടുപിടിച്ചു , ധാരാളം കൃതികള്‍ കാലാകാലങ്ങളായി എഴുതപ്പെട്ടിട്ടുണ്ട്.അവയില്‍ പലതും ഒരുകാലത്ത് നാം ചോദ്യം ചെയ്യാതെ വിഴുങ്ങിയ വിശ്വാസ പ്രമാണങ്ങളെയും ചിന്താരീതിയെയും ചരിത്രബോധത്തെയും മൂല്യവ്യവസ്ഥയെയും പുതിയ തലത്തില്‍ നിന്നുകൊണ്ട് വിശകലനം ചെയ്യാന്‍ സഹായിക്കുന്നവയുമാണ് .ഷൂസേ സരമാഗോയുടെ ‘ക്രിസ്തുവിന്റെ സുവിശേഷം’,ദാന്‍ ബ്രൌണിന്റെ ‘ഡാവിഞ്ചി കോഡ്’,കസാന്‍ ദാക്കീസിന്റെ ”ലാസ്റ്റ് ടെമ്പ്റ്റേഷന്‍ ഓഫ് ക്രൈസ്റ്റ്, ലോങ്ങ് ഫെല്ലോയുടെ ‘സീക്രെട്ട് ഓഫ് മഗ്ദലീന്’ തുടങ്ങി ചര്‍ച്ച ചെയ്തതും ചെയ്യാതെ പോയതുമായി ഒട്ടനവധി രചനകള്‍ ക്രിസ്തുവിന്റെ ജീവിതത്തെയും മരണത്തെയും ചുറ്റിപ്പറ്റിയുണ്ടായിട്ടുണ്ട് .. അമേരിക്കയിലെ (ചിക്കാഗോ) പ്രവാസി മലയാളിയായ രതി ദേവിയെന്ന എഴുത്തുകാരി തന്റെ അത്മകഥാംശമുള്ള ‘മഗ്ദലീനയുടെ (എന്റെയും)പെണ്‍സുവിശേഷം ’ എന്ന
നോവല്‍ മേല്‍പ്പറഞ്ഞ ഗ്രന്ഥ പരമ്പരയില്‍ നിന്നും ഒരേ സമയം വ്യത്യസ്തവും എന്നാല്‍ അതിന്റെ തുടര്ച്ചയുമാകുന്നതിലൂടെ നവ്യമായ ഒരു വായനാനുഭവത്തെയാണ് സമ്മാനിക്കുന്നത്.മനുഷ്യ ജീവിതത്തിന്റെ അവസ്ഥാന്തരങ്ങളെ സൂക്ഷ്മമായി അപഗ്രഥിച്ചുകൊണ്ട് സ്ത്രൈണതയുടെ സമ്പൂര്‍ണ ആവിഷ്ക്കാരമാക്കി ഈ രചനയെ മാറ്റുവാന്‍ കഥാകാരിക്ക് കഴിഞ്ഞത് ആഖ്യാനത്തിന്റെ സവിശേഷതകൊണ്ടും അവതരണത്തിന്റെ പുതുമ
കൊണ്ടുമാകാം.സംവേദനത്തിന്റെ പുതിയ തലങ്ങള്‍ കണ്ടെത്താനുള്ള ബോധപൂര്‍വമായ ശ്രമത്തില്‍ , മഗ്ദലീനയുടെ ഇരുപത്തിമൂന്നാം വംശാവലിയില്‍ പിറന്ന ലക്ഷ്മിയെന്ന കഥാപാത്രത്തിലൂടെ , അവളുടെ അനുഭവങ്ങളുടെ നേര് കാഴ്ചകളിലൂടെ മഗ്ദലീന അനാവരണം ചെയ്യപ്പെടുമ്പോള്‍, ദേശത്തിനും കാലത്തിനും ഉടലുകള്‍ക്കും അതീതമായ അനുഭൂതികളുടെ വിസ്മയലോകമൊരുക്കാന്‍ കഥാകാരിക്ക് കഴിഞ്ഞിരിക്കുന്നു.അതുകൊണ്ട് തന്നെ രണ്ടായിരം വര്‍ഷങ്ങളുടെ നീണ്ടയിടവേള മഗ്ദലീനക്കും ലക്ഷ്മിക്കും ഇടയിലുണ്ടെന്ന സത്യം വായനയിലൊരിടത്തും നമ്മെ അസ്വസ്ഥമാക്കുന്നില്ല.തന്റെ ജീവിതത്തിന്റെ ധന്യത മഗ്ദലീനയാണെന്ന് വിശ്വസിച്ചിരുന്ന ,വിവാഹരാത്രിയില്‍
മഗ്ദലീനയെ തള്ളിമാറ്റി ഇരുളിലേക്ക് ഓടിമറഞ്ഞ , ജൂദിയമരുഭൂമിയുടെ വരണ്ട വന്യതയില്‍ ദൈവവുമായി നിരന്തരം കലഹിച്ച , മനുഷ്യത്വത്തില്‍ വിശ്വസിച്ചു മനുഷ്യരാജ്യം സ്വപ്നം കണ്ട, അഗസ്റ്റസ് സീസറിന്റെ മകനും പിന്നീടു കശ്മീരിലെ ഗോപാനന്ദ മഹാരാജാവിന്റെ ജാമാതവുമായ, ആത്മാന്വേഷണത്തിനായി ഇന്ത്യയിലേക്ക് പാലായനം ചെയ്ത , ബുദ്ധിസത്തില്‍ ആകൃഷ്ടനായ, യോഗയില്‍ പ്രാവീണ്യം നേടിയ, ജീസസിനെ വരച്ചുകാട്ടാന്‍
പരമ്പരാഗത ആഖ്യാനശൈലികള്‍ മതിയാകാതെ വന്നതുകൊണ്ടാകാം ചരിത്രം ഭൂമിശാസ്ത്രം , ശാസ്ത്രം, സാഹിത്യം എന്നീ വൈജ്ഞാനീക ഇടങ്ങളെ ഏകോപിച്ചു കൊണ്ട് ഒരു സമാന്തര ആഖ്യാനത്തിന്റെ സാധ്യതകളെ രതീദേവി പ്രയോജനപ്പെടുത്തിയത്.ആത്മാവ് – ശരീരം , ആത്മീയത-ഭൌതികത ,ആസക്തി-അനാസക്തി, സ്വപ്നം-യഥാര്‍ത്ഥ്യം ,സ്ത്രീ- പുരുഷന്,നായകന്-പ്രതിനായകന്,ഭൂതം-വര്‍ത്തമാനം എന്നിങ്ങനെയുള്ള ദ്വന്ദഭാവങ്ങളെ പൊളിച്ചെഴുതുന്ന ഒരുപിടി കഥാസന്ദര്‍ഭങ്ങളാണ് ഈ നോവലിന്റെ മറ്റൊരു പ്രത്യേകത.സാമൂഹിക വിമര്‍ശനത്തിലും രാഷ്ട്രീയ നിരീക്ഷണത്തിലും ഒട്ടും പിന്നിലല്ല ഈ പെണ്സുവിശേഷമെന്നും പറയാം.
[checkout_link]