അടിമവംശം

പ്രസിദ്ധീകരിച്ചത്: സാഹിതി പബ്ലിക്കേഷൻസ്

അശരണരും നിന്ദിതരും പീഡിതരുമായ സമകാലീന മനുഷ്യരുടെ മേൽ നിയോഗപരമോ മനുഷ്യനിർമ്മിതമോ ആയ കാരണങ്ങളാൽ അടിച്ചേൽപ്പിക്കപ്പെടുന്ന, അനിവാര്യമെന്നുപോലും പറയാവുന്ന ദുരവസ്ഥയ്ക്കു നേരെ രൂക്ഷമായും എന്നാൽ ആത്മാർത്ഥമായും പ്രതികരിക്കുന്ന ഒരു മനസ്സിന്റെ ശക്തമായ, സചേതനമായ സാന്നിദ്ധ്യമാണ് "അടിമവംശത്തിന്റെ’  ആത്യന്തികമായ  അടിവേര്. മനുഷ്യൻ ദുഃഖിതനാണ്, പീഡിതനാണ്, മർദ്ദിതനാണ്, ചൂഷിതനാണ്. ഈ അവസ്ഥയെ ഓരോ തത്വശാസ്ത്രവും ഓരോ വ്യത്യസ്തമായ രീതിയിലാണ് കാണുന്നത്. പല തത്വശാസ്ത്രങ്ങളും ഇതിനെ വിധിയുടെ മേൽ ആരോപിക്കുകയും അങ്ങനെ ജീവിതത്തിന്റെ നിരർത്ഥതയിലേക്കും ജീവിത നിരാസത്തിലേക്കും വഴുതി വീഴുകയും ചെയ്യുന്നു. മറ്റു ചില തത്വചിന്തകരാവട്ടെ, ഈ വിഷയം മനുഷ്യസമൂഹത്തിന്റെ ചരിത്രപരവും ധനവിതരണ വ്യവസ്ഥാപരവും വൈരുദ്ധ്യാത്മകവുമായ വികാസപരിണാമങ്ങളുടെ അടിസ്ഥാനത്തിൽ വിശകലനം ചെയ്യുകയും ഇതിനൊരു ശാസ്ത്രീയവും പ്രായോഗികവുമായ പോംവഴി തേടുകയും, അങ്ങനെ വർഗ്ഗസമരസിദ്ധാന്തത്തിൽ ചെന്നെത്തുകയും ചെയ്യുന്നു. ഈ രണ്ടു ചിന്താസരണികളും തമ്മിലുള്ള പോരാട്ടം തുടർന്നു കൊണ്ടേയിരിക്കുന്നു. ഏതുശരി, ഏതു തെറ്റ് എന്നിങ്ങനെ ചൊല്ലിയുള്ള തർക്കങ്ങളും വാഗ്വാദങ്ങളും ആശയതലത്തിലും അല്ലാതെയും നിലയ്ക്കാതെ ശബ്ദകോലാഹലം സൃഷ്ടിച്ചുകൊണ്ടിരിക്കുന്നു. അത്തരം ലഹളകളുടെ വന്യമേളകൾ നമുക്ക് തൽക്കാലം അവഗണിക്കാം.

ക്ലേശപൂർണ്ണവും തികച്ചും ദുഃഖനിബിഢവുമായ ഇന്നത്തെ മനുഷ്യാവസ്ഥയുടെ അടിസ്ഥാന നിദാനങ്ങൾക്കെതിരെ ഉയരുന്ന തീക്ഷ്ണവും അപ്രതിരോധ്യവുമായ പ്രതിഷേധത്തിന്റെ പടഹധ്വനിയാണ് രതീദേവിയുടെ കഥകൾക്ക് ശക്തിയും സൗന്ദര്യവും പകരുന്നത്. പക്ഷേ, പല കഥകളും വായിക്കുമ്പോൾ തോന്നും സ്ത്രീപീഡനത്തിനെതിരെയാണ് എഴുത്തുകാരി പ്രധാനമായും തന്റെ ഖഡ്ഗം ഉയർത്തുന്നതെന്ന്, അടിമവംശത്തിന്റെ സമർപ്പണം തന്നെ ഇപ്പറഞ്ഞതിനേറ്റവും നല്ല ഉദാഹരണം.

“ചരിത്രത്തിൽ ഏറ്റവും കൂടുതൽ 

പീഢനമേറ്റിട്ടുള്ള, ഏക്കുന്ന

ഞാനുൾപ്പെടുന്ന എന്റെ വർഗ്ഗത്തിന്”

എന്റെ വർഗ്ഗം എന്നതുകൊണ്ട് കഥാകാരി വിവക്ഷിക്കുന്നത് സ്ത്രീയും പുരുഷനും ഉൾപ്പെടുന്ന, നിരന്തരം ചൂഷണംചെയ്യപ്പെടുന്ന, നിരന്തരം ശാരീരികവും മാനസികവുമായി വേട്ടയാടപ്പെടുന്ന സമഗ്രമനുഷ്യവർഗ്ഗം ആകാം എന്ന് ഇതിലെ ചില കഥകളെങ്കിലും സൂചിപ്പിക്കുന്നുണ്ട്. അല്ലെങ്കിൽ രതീദേവി തുടക്കത്തിൽ തന്നെ എ. അയ്യപ്പന്റെ വരികൾ ഉദ്ധരിക്കു മായിരുന്നില്ലല്ലോ.

"ഒരു നക്ഷത്രം കൊത്തിക്കൊണ്ടു തരുവാൻ 

എന്റെ കൈകളിൽ നിന്നും പറന്ന പ്രാവ് 

ശിരസ്സിലൂടെ തുളച്ചുകയറിയ ഒരമ്പുമായി 

എന്റെ കൈകളിലേക്കു തന്നെ മരിച്ചുവീണു!

നിത്യജിവീതത്തിൽ നിസ്സഹായരായ മനുഷ്യർക്കു നേരിടേണ്ടിവരുന്ന ഭൗതികവും അധിഭൗതികവുമായ തീവ്രവേദനകളെ തികഞ്ഞ യാഥാർത്ഥ്യബോധത്തോടെ സരളവും ഋജുവും ചടുലവുമായ ശൈലിയിലൂടെ ആവിഷ്ക്കരിക്കുന്നു എന്നതാണ് ഈ കഥകളുടെ സവിശേഷസൗന്ദര്യം. വാക്കുകളുടെ ഭംഗിയല്ല, ഭാഷയുടെ കരുത്താണ് കവിതയുടെ - എന്നുവെച്ചാൽ ഗദ്യത്തിലോ പദ്യത്തിലോ ഉള്ള ഏതൊരു സാഹിത്യരചനയുടെയും മർമ്മം എന്ന പരമാർത്ഥം യുവതിയായ ഈ എഴുത്തുകാരി കണ്ടെത്തിയിരിക്കുന്നു എന്നത് ആഹ്ലാദകരമാണ്. അഭിനന്ദനാർഹവുമാണ്.

അടിമവംശം' എന്നുതന്നെ പേരുള്ള കഥയും ചിതലുകൾ, ശിരോലിഖിതം, അനാഥരുടെ നിലവിളി, അകപ്പൊരുൾ തുടങ്ങിയ കഥകളും അയത്നലളിതവും ഉള്ളിൽ ആഴത്തിൽ തറയുന്നതുമായ ആഖ്യാനശൈലിക്കും സമർത്ഥമായ ഉൾക്കാഴ്ചയ്ക്കും ഉദാത്തമായ മാതൃകകളാണ്. ഈ കഥയയിലെ ബിംബങ്ങളും വാങ്മയചിത്രങ്ങളും രൂപകൽപനകളും  ഈ മണ്ണിൽനിന്നുൾക്കൊണ്ടവയും തികച്ചും ലളിതവുമാണ്. ഒട്ടും ക്ലിഷ്ടമല്ലാത്ത, ഒട്ടും സങ്കീർണ്ണമല്ലാത്ത, നൂറുശതമാനം തനിമയാർന്ന ഈ ബിംബ-രൂപകൽപനകളുടെ വശ്യമായ ചാരുത ഈ എഴുത്തുകാരി തന്റെ ആദ്യകാല രചനകളിൽത്തന്നെ സ്വായത്തമാക്കിയിരിക്കുന്നുവെന്ന വസ്തുത സന്തോഷവും ഒപ്പം അത്ഭുതവും പ്രദാനം ചെയ്യുന്നു. ഉൽക്കട  വിഷാദത്തിന്റെ ആവിഷ്കാരങ്ങൾ ഈ കഥകളിൽ മാധുര്യത്തിന്റെ അപൂർവ്വ സംഗീതമായി മാറുന്നു. ഉൽകൃഷ്ടമായ മനുഷ്യസ്നേഹത്തിന്റെ ഉള്ളിൽ തട്ടുന്ന ഹൃസ്പന്ദങ്ങൾ ഒരാൾക്ക് ഇവയിൽ സ്പർശവേദ്യമായി അനുഭവിച്ചറിയാൻ കഴിയുന്നു.

പുരാണത്തെയും (ഉദാ: സംവാദം) ചരിത്രത്തെയും (ഉദാ: സുൽത്താന റസിയ) ആധാരമാക്കി എഴുതപ്പെട്ടിട്ടുള്ള കഥകളും ഇക്കൂട്ടത്തിലുണ്ട്. ഇവയും മറ്റു കഥകളും നല്ലവതന്നെ. പക്ഷേ, അവയിൽ അതിവാചാലത എന്ന ദോഷം കടന്നുകൂടിയിട്ടുണ്ടോ എന്ന് സ്വാഭാവികമായും സംശയിക്കേണ്ടിയിരിക്കുന്നു. പ്രതിപാദനത്തിലും ഈ കഥകൾ പലപ്പോഴും ഒരുതരം പ്രഭാഷണശൈലിയിലേക്ക് ഇടറിവീഴുന്നു. ഒരുവേള പ്രതിപാദ്യ വിഷയങ്ങൾ പ്രതിപാദന രീതിയെ ന്യായീകരിക്കുന്നു എന്നുവേണമെങ്കിൽ പറയാം. പക്ഷേ, ആ ന്യായീകരണം ഒരു ക്ഷമാപണമല്ലേ ആകുനുള്ളു !

നേരത്തെ സൂചിപ്പിച്ചതുപോലെ ഇതൊരു പഠനമോ അപഗ്രഥനമോ അവതാരികയോ ഒന്നുമല്ല. ഒരു സാധാരണ വായനക്കാരന്റെ പെട്ടെന്നുണ്ടായ പ്രതികരണമോ ഒരു ആസ്വാദനക്കുറിപ്പെന്നോ വേണമെങ്കിൽ പറയാം. ഒരുപക്ഷേ സ്വാദ് ലേശം കുറവാണെങ്കിൽക്കൂടി.

കാക്കനാടൻ

[checkout_link]