ഏലി KNOW വിസ്റ്റ്
കഥയെഴുത്ത് ഒരു സങ്കീർണ്ണമായ പ്രക്രിയയാണ് , നാം കണ്ടതോ കേട്ടതോ അനുഭവിച്ചതോ ആയ സംഭവങ്ങൾ മനസ്സിൽ ഘനീഭവിക്കുമ്പോൾ അത് വാക്കുകളിലൂടെ പുറത്തേക്കൊഴുകും , ജീവിതഗന്ധിയാകും . കഥകൾ തന്റെ ആത്മഭാവങ്ങളുമായി സാത്മീഭവിപ്പിക്കാൻ കഴിയുമ്പോളാണ് എഴുത്തുകാരൻ വിജയിക്കുന്നത് .ജീവിതത്തിന്റെ അർഥതലങ്ങൾ തേടിയുള്ള ഒരു ഏകാകിയുടെ സഞ്ചാരവും അനുഭവങ്ങളുമാണ് സതീശന്റെ കഥകളിൽ നിറയെ . ശില്പ്പപരമായ സൗന്ദര്യ തേജസ്സുകൊണ്ട് മനസ്സിൽ ചലനങ്ങൾ സൃഷ്ടിക്കുന്ന ഒരന്തരീക്ഷം മിക്കവാറും എല്ലാ കഥകളിലും ഒളിഞ്ഞും തെളിഞ്ഞും കാണാനാവും . എഴുത്ത് പഠിക്കാൻ പുസ്തകമില്ല എന്നുള്ളതാണ് ശരിയായ സത്യം .ഓരോ എഴുത്തുകാരനും അവരുടെ ഉള്ളിലുള്ള വികാരങ്ങളെ വരികളായി കോറിയിടുമ്പോൾ ജന്മം കിട്ടുന്നതാണ് അനുഭവങ്ങളായോ കഥകളായോ മുളപൊട്ടുന്നത് . എഴുതുമ്പോൾ എന്തെല്ലാം അറിഞ്ഞിരിക്കണം, എങ്ങനെ കഥാതന്തു സൃഷ്ടിക്കണം എന്നിങ്ങനെ നൂറായിരം ചോദ്യങ്ങൾ എഴുത്തുകാരനെ അലട്ടുന്നുണ്ടാവും , എന്നാൽ ഒരു കാര്യം തുറന്നുപറയട്ടെ എഴുതണമെങ്കിൽ അറിയണം , അറിയണമെങ്കിൽ വായിക്കണം ചുരുക്കിപ്പറഞ്ഞാൽ ഒരു എഴുത്തുകാരനെ സംബന്ധിച്ചിടത്തോളം ആദ്യത്തെ നടപടി വായനയാണ്. കാലം മാറിയപ്പോൾ എഴുത്തുകളും മാറി. നവീന മാധ്യമങ്ങളിലൂടെയും മുഖപുസ്തകവേദികളിലൂടെയും , ബ്ലോഗുകളിലൂടെയും, എഴുത്തുകാരനെ ബോധവാന്മാരാക്കാൻ ഒത്തിരി പേരുണ്ടാകും എന്നാൽ സാക്ഷാൽ എം.ടി-യുടെ ഭാഷയിൽ പറഞ്ഞാൽ ‘എഴുത്ത് പഠിപ്പിക്കുവാൻ പുസ്തകങ്ങൾ ഒന്നുമില്ല’. എഴുത്തു പഠിപ്പിക്കാൻ പുസ്തകങ്ങൾ ഇല്ലെങ്കിൽ നാം എന്ത് ചെയ്യണം എന്ന ചോദ്യം പ്രസക്തമാണ്
ഒരെളിയ എഴുത്തുകാരൻ എന്ന നിലയിൽ എനിക്ക് തരാൻ ഒരു ഉപദേശം, എഴുതാൻ ആഗ്രഹിക്കുന്നവർ വായിക്കണം വായനയുടെ ലോകത്തേക്ക് എത്തിപ്പെട്ടാൽ മാത്രമേ എഴുത്തിന്റെ ലോകത്തിലേക്ക് എത്തിച്ചേരാൻ സാധ്യമാകു. എഴുത്തുകാർ പലരും ആദ്യം എഴുതിത്തുടങ്ങിയത് അവരുടെ ഏതെങ്കിലുമൊരു വികാരത്തിൽ നിന്നുമാണ്. ഒഴുകാതെ തടവിലാക്കപ്പെട്ട പുഴകൾ പോലെയാണ് കഥകളുടെ ഞരമ്പുകൾ . സതീഷ്‌കുമാർ കഥകളിലൂടെ സൃഷ്ടിച്ചിരിക്കുന്ന കഥാപാത്രങ്ങളിൽ എലിയുണ്ട് , പുഴുവുണ്ട് , മരമുണ്ട് , കാടുണ്ട് , പുഴയുണ്ട് ഇവയിലെല്ലാം മനുഷ്യനുമുണ്ട് . ബിംബകല്പനകൾ കവിതകളിലാണ് കൂടുതൽ കാണപ്പെടുന്നതെങ്കിലും സതീഷ് കഥകളിൽ തന്റേതായ ശൈലിയിൽ മനുഷ്യജീവിതത്തെ തൻ്റെ ശൈലികൊണ്ട് അനുവാചകനെ ചിന്തിപ്പിക്കുന്നുണ്ട് മിഴിവേകുന്നുണ്ട്. .സ്ഥലപരിമിതികൾ കൊണ്ട് എല്ലാ കഥകളെക്കുറിച്ചും ആസ്വാദനമെഴുതുന്നത് ശ്രമകരമാണ് . വായനക്കാരായ നിങ്ങളാണ് ഈ കഥകളെ വിലയിരുത്തേണ്ടത് .
സതീഷിന്റെ “എലി നോ (know) വിസ്റ്റ്“ ” എന്ന കഥയിലെ ഒരു സന്ദർഭം എഴുതിക്കൊണ്ട് സതീഷ്‌കുമാറിന് എല്ലാവിധ ഭാവുകങ്ങളും നേരുന്നു . പുസ്തകം കൂടുതൽ വായിക്കപ്പെടട്ടെ .
“അന്നു വീട്ടിലെത്തിയപ്പോഴും രാത്രി കഴിഞ്ഞ ദിവസത്തേക്കാൾ ഭീകരം. ലൈറ്റ് ഓഫ് ചെയ്തപ്പോൾ മുതൽ അടുക്കളയിലെ പാത്രങ്ങൾ സംഗീതമാലപിക്കാൻ തുടങ്ങിയിരുന്നു. കബോർഡിന് മുകളിൽ വെച്ചിരുന്ന എണ്ണക്കുപ്പി താഴെ വീണുപൊട്ടി. അതിന്റെ ശബ്ദത്തിൽ എലികൾ ജയ് വിളിച്ചു. ഇവറ്റകളുടെ ശല്യം ഇല്ലാതാക്കാൻ നിങ്ങളെക്കൊണ്ടിതുവരെയും കഴിഞ്ഞില്ലല്ലോ എന്ന ഭാര്യയുടെ പരിഹാസം ഉറക്കമെന്ന അഭിനയത്തിൽ കേട്ടില്ലായെന്നു ഭാവിച്ചു. രാത്രി ലൈറ്റ് ഓഫ് ചെയ്ത് കഴിഞ്ഞാൽ പിന്നെ വീട് എന്റേതല്ലാതായി മാറുന്നു. പിന്നെ അവളുടെ കളികളും ആഘോഷവും മാത്രമാണവിടം. ചീവീടിന്റെ ശബ്ദസ്ഥായിയെക്കാൾ അല്പം ഉയർന്ന പിച്ചിലാണവർ മൂളുന്നത്. കളികൾക്കിടയിൽ വീണുടയുന്ന ഗ്ലാസ്സുകളെക്കുറിച്ചോ, കരണ്ടുതിന്ന് പാഴാക്കുന്ന പച്ചക്കറിയെക്കുറിച്ചോ, പഴയ പാത്രങ്ങൾ കെട്ടായി വെച്ചിരിക്കുന്നതിൽ തുരങ്കം പണിയുന്ന അവർക്ക് യാതൊരു ചിന്തയുമില്ല. വെറുതെ ഇട്ടിരിക്കുന്ന മാസികകൾ, പതിപ്പുകൾ ഇവയൊക്കെ പച്ചക്കറി അരിയുംപോലെ കഷണങ്ങളായി ടീപ്പോയുടെ മുകളിൽ രാവിലെ ആകുമ്പോഴേയ്ക്കും വെച്ചിരിക്കും. അവർ എലികൾ വായനാശീലമുള്ളവരാണ്. ഇംഗ്ലീഷ് മീഡിയത്തിൽ പഠിച്ചിട്ടില്ലായെങ്കലും ഇന്നലെ അവർ ഷേക്‌സ്പീയറുടെ മാക്ബത്താണ് തിന്നുതീർന്നത്.
ഇന്ന് ഒരു പക്ഷേ ഹെമിംഗ്‌വേയുടെ 'കിഴവനും കടലും' തിന്നാനാകും അവരുടെ പദ്ധതി.
വള്ളുവനാടൻ