ജീവന്റെ ഈണങ്ങൾ (മുട്ടത്തുവർക്കിയുടെ ജീവിതം വായിക്കുമ്പോൾ )
മുട്ടത്തുവർക്കിയുടെ ജീവിതം വായിക്കുമ്പോൾ …
പലതും ഓർമകളാകുംവരെ അതിൻ്റെ വലുപ്പം നമ്മൾ മനസ്സിലാക്കാറില്ല. വർത്തമാനകാലത്തിന്റെ ദൈർഘ്യം നൈമിഷികമാണ് , അവിടെയാണല്ലോ നാം ജീവിക്കുന്നത് .മറക്കാനാവാത്ത നിമിഷങ്ങളും അനുഭവങ്ങളും മനസിന്റെ കോണുകളിൽ തളംകെട്ടിക്കിടക്കും , ചിലവ മാഞ്ഞുപോകും എന്നാൽ ചില ഓർമകൾ മലവെള്ളപ്പാച്ചിൽ പോലെ മനസ്സിലേക്ക് ഓടിയെത്തും, . ഇഴപൊട്ടാതെ മനസ്സിൽ ബന്ധിക്കപ്പെട്ടവ .
മഞ്ഞുറഞ്ഞു പുതച്ചുറങ്ങുന്ന ന്യൂയോർക്ക് പട്ടണത്തിന്റെ തണുത്തുമരവിച്ച ഒറ്റപ്പെടലിൽ അന്ന വർക്കി ( മുട്ടത്തുവർക്കിയുടെ രണ്ടാമത്തെ മകനായ പരേതനായ ജോസഫ് മുട്ടത്തിന്റെ സഹധർമ്മിണി) മലയാളിയെ വായനയുടെ കൊടുമുടി കയറ്റിയ മുട്ടത്തുവർക്കി എന്ന കഥാകാരനെ , അദ്ദേഹം മരുമകൾ എന്നതിലുപരി സ്വന്തം മകളേക്കാൾ കൂടുതൽ തന്നെ സ്നേഹിച്ച മുട്ടത്തുവർക്കിയേയും തൻ്റെ ജീവിതത്തേയും വായിച്ചെടുക്കുകയാണ് “ ജീവന്റെ ഈണങ്ങൾ” എന്ന തൻ്റെ ആത്മകഥാപരമായ പുസ്തകത്തിലൂടെ . എൻ്റെ ആദ്യവായനകളിൽ ഏറെ സ്വാധീനിച്ച എഴുത്തുകാരൻ ആയിരുന്നു വർക്കി സർ എങ്കിലും മുട്ടത്തുവർക്കി എന്ന വലിയ മനസ്സുണ്ടായിരുന്ന മനുഷ്യനെ അറിയാൻ കഴിഞ്ഞത് ഈ പുസ്തകം വായിച്ചതിൽ നിന്നാണ് . മകൾ അച്ഛനെക്കുറിച്ചെഴുതിയിട്ടുണ്ട് , അച്ഛൻ മകളെക്കുറിച്ചും . പക്ഷേ മരുമകൾ ഭർത്താവിന്റെ അപ്പനെ ഇത്രയും സ്നേഹിച്ചിരുന്നു എന്നത് വായിക്കുമ്പോൾ ചിലയിടങ്ങളിൽ കണ്ണുകൾ ഈറനണിയും .
പണ്ടു പണ്ട് … (ദിനോസറുകൾക്കും മുമ്പായിരിക്കില്ല) , ഒരു വയസനും വയസിയും അവരുടെ ജോലികളെല്ലാം ഒതുക്കി യാത്ര പുറപ്പെട്ടു . കാലത്തിന്റെ വഞ്ചിയിൽ കയറി അവർ സ്വർഗത്തിന്റെ വാതിലിലെത്തി . അവരെയവിടെ മാലാഖമാർ തടഞ്ഞു .
മാലാഖമാർ : “നിങ്ങൾ എവിടെനിന്നുവരുന്നു “.
അവർ : “ ഞങ്ങൾ ചങ്ങനാശേരിയിൽ ചെത്തിപ്പുഴയിൽ നിന്നു വരുന്നു “.
ഉത്തരം പറഞ്ഞുതരും മുമ്പേ സ്വർഗകവാടം തുറക്കപ്പെട്ടു . പാലിച്ചു തേനും ഒഴുകുന്ന കാണാൻ ദേശം . വയസനും വയസിയും പിന്നവിടങ്ങ് സുഖമായി ജീവിച്ചു . പിന്നീടവർ ഭൂമിയിലേക്ക് തിരിച്ചുവന്നതേയില്ല . ( വയസനും വയസിയും വർക്കിയും തങ്കവും തന്നെ …)
1913 ഒന്നാം ലോകമഹായുദ്ധത്തിന് യൂറോപ്യൻ സമൂഹം ആയുധങ്ങൾക്ക് മൂർച്ച കൂട്ടിക്കൊണ്ടിരിക്കുന്ന കാലം . പിൽക്കാലത്ത് ഒരു ശാത്വികചേരിയായ് വളർന്ന റഷ്യയിൽ ബോൾഷെവിക് പാർട്ടി ലോകമെമ്പാടും അശാന്തി പടർത്തിയ കാലം . എവിടെല്ലാമോ എന്തെല്ലാമോ സംഭവിക്കാൻ പോകുന്ന ഭീതി . ലോകം മുഴുവൻ ആളിക്കത്തുന്ന സമയം . പുകയാത്ത അടുപ്പും പുകയുന്ന മനസുമായി മലയാളിയുടെ ജീവിതചക്രം അശാന്തിയിലൂടെ ഉരുളുന്ന കാലം . ചങ്ങനാശേരി , കുട്ടനാടിനേയും മലബാറിനേയും ഇഴചേർക്കുന്ന മലയോരഗ്രാമം . ഒരാനയെ വിറ്റുകൊണ്ട് വേലുത്തമ്പി ദളവ ഉത്‌ഘാടനം ചെയ്ത അഞ്ചുവിളക്ക്, . ചന്ദനക്കുടവും ചിറപ്പും പെരുന്നാളും ഏകമനസോടെ കൊണ്ടാടിയിരുന്ന മതമൈത്രിയുടെ ഹരിതഭൂമി , ചങ്ങനാശേരി. കേരളത്തിലെ ചെറുപട്ടണമായ ഇവിടുത്തെ ചെത്തിപ്പുഴ എന്ന ഗ്രാമത്തിലെ കല്ലുവിളക്കിലെ മുട്ടത്തിലായ ചാക്കോ മത്തായി അന്നമ്മ ദമ്പതികളുടെ മൂന്നാമത്തെ പുത്രനായി വർക്കി ജനിച്ചു ; മുട്ടത്തുവർക്കി . 1913 മെയ് 8 -ന് ചങ്ങനാശേരി കത്തീഡ്രൽ ദേവാലയത്തിൽ വച്ച് വർക്കിയുടെ മാമോദീസ ചടങ്ങ് നടന്നു . പിതാവ് ചാക്കോ മത്തായി ചങ്ങനാശേരി മെത്രാസന മന്ദിരത്തിലെ നടത്തിപ്പുകാരിൽ പ്രധാനിയായിരുന്നു . യൂറോപ്യൻ എൻജിനീയർമാരുമായുള്ള പരിചയവും സഹവാസവും കൊണ്ട് അദ്ദേഹം വാസ്തുശില്പകലയിൽ പ്രാവീണ്യം നേടി . SB -കോളേജ് , SB -ഹൈ സ്‌കൂൾ , നെടുങ്കണ്ടം അരുവിക്കര പള്ളികൾ , നാട്ടിലെ ആദ്യകാല ഇരുനിലകെട്ടിടങ്ങൾ എന്നിങ്ങനെ അദ്ദേഹത്തിൻ്റെ കലാവിരുതിന്റെ പ്രയുക്ത മാതൃകകൾ ചങ്ങനാശേരിയിൽ ഇന്നും തലയുയർത്തി നിൽക്കുന്നു . ഒരു വയലിനിസ്റ്റ് കൂടെയായിരുന്ന വർക്കിയുടെ അപ്പന് സംസ്കൃതഭാഷയിലും പരിജ്ഞാനമുണ്ടായിരുന്നു . ആറാണും മൂന്ന് പെണ്ണുമായി ഒൻപത് മക്കൾ , മൂന്നാമത്തെ മകനായിരുന്നു അപ്പച്ചൻ എന്ന വിളിപ്പേര് വീണ വർക്കി . ജന്മിത്വത്തിൻ്റെ കരാളമേഘങ്ങൾ , ജാതിയുടേയും അടിമത്വത്തിന്റേയും രൂപത്തിൽ മലയാളക്കരയിൽ പരക്കെ പടർന്നുപിടിച്ച കാലം , നിരക്ഷരതയുടെ കാളവണ്ടി യുഗം . ഇരുണ്ടയുഗത്തിൻ്റെ ആസുരതകളില്ലാതാക്കുന്ന ചിന്തയുടെ വെളിച്ചം പലവഴികളിലൂടെയാണ് ഇവിടെ പടർന്നുകയറിയത് . ദുരന്തപ്പെരുമഴയുടെ അനന്തമായ ആവർത്തനങ്ങൾ , മറുകര കാണാനാവാത്ത നിശ്ചലത . കൂടുംതാനം കൊച്ചുകുഞ്ഞാശാനായിരുന്നു വർക്കിയുടെ നാവിൽ ഹരിശ്രീ കുറിച്ചത് , ആ കുഞ്ഞിക്കൈ കൊണ്ട് ആദ്യാക്ഷരം എഴുതിച്ചത് . അനന്തവും അജ്ഞാതവുമായ ഭാവിയിൽ നോക്കി കല്ലും മുള്ളും നിറഞ്ഞ ജീവിതപാതയിലൂടെ ഇടർച്ചയോ പതർച്ചയോ ഇല്ലാതെ വർക്കി യാത്ര ആരംഭിക്കുകയായിരുന്നു . വിളിപ്പാടുകൾക്കും കാഴ്ചപ്പാടുകൾക്കും ദൂരപരിധി നിശ്ചയിച്ച് മനുഷ്യൻ മനുഷ്യനെ അകറ്റിനിർത്തിയിരുന്ന സാമൂഹികാവസ്ഥ . നാരായണ ഗുരു , അയ്യങ്കാളി , വി ടി . ഭട്ടതിരിപ്പാട് എന്നീ നവോഥാന നായകരിലൂടെ സമൂഹത്തിൽ വെളിച്ചത്തിന്റെ മാറ്റൊലി കേൾക്കാൻതുടങ്ങി . SB -കോളേജിൽ പഠിക്കുന്ന കാലത്താണ് വർക്കിയുടെ ആദ്യരചന പിറവികൊണ്ടത് . വലിയൊരു വടവൃക്ഷത്തിൻ്റെ മുളപൊട്ടൽ പോലെയായിരുന്നു അത് . കഥകളുടെ ഒരു മഹാപ്രവാഹത്തിൻ്റെ നാന്ദിയായിരുന്നു അതെന്ന് അന്നാരും തിരിച്ചറിഞ്ഞില്ല . ക്രിസ്തുവിന്റെ അമ്മയായ മറിയത്തെക്കുറിച്ച് സംസ്കൃതത്തിൽ 153 വരികളുള്ള ശ്രദ്ധര എന്ന കാവ്യം 1940 -ൽ പ്രസിദ്ധീകരിച്ചു . ഇക്കാലത്ത് അദ്ദേഹത്തിന് കവിവർക്കി എന്നൊരു ചെല്ലപ്പേരും വീണു , അതുപോലെ തന്നെ പച്ച നിറമുള്ള കൊട്ടുധരിക്കുന്നത് ഏറെ ഇഷ്ടമായിരുന്നു വർക്കിക്ക് പച്ചക്കുതിര എന്നൊരു വിളിപ്പേരും കൂട്ടുകാർക്കിടയിൽ ഉണ്ടായിരുന്നു .മുട്ടത്തുവര്‍ക്കി എസ്.ബി കോളജില്‍നിന്നു സാമ്പത്തികശാസ്ത്രത്തില്‍ ബിരുദം നേടി. നിയമപഠനത്തിനു തിരുവനന്തപുരത്ത് പോയെങ്കിലും സർ സിപിയുടെ കിരാതഭരണം കാരണം കോളേജ് പൂട്ടി , നിയമ പഠനം പാതിവഴിയില്‍ നിര്‍ത്തി ചങ്ങനാശ്ശേരി എസ്.ബി.ഹൈസ്‌കൂളില്‍ അദ്ധ്യാപകനായി ഔദ്യോഗിക ജീവിതം ആരംഭിച്ചു. അദ്ധ്യാപകവൃത്തികൊണ്ട് കുടുംബം പുലര്‍ത്താന്‍ കഴിയില്ല എന്നു വന്നപ്പോള്‍ ഭേദപ്പെട്ട ശമ്പളം പ്രതീക്ഷിച്ച് കൂടിക്കലെ തടിഫാക്ടറിയില്‍ കണക്കെഴുത്തുകാരനായി. കുറച്ചു നാള്‍ എം.പി.പോളിന്റെ ട്യൂട്ടോറിയലില്‍ പഠിപ്പിച്ചു. പിന്നീട് എം.പി.പോളിനോടൊത്ത് സഹ പത്രാധിപരായി ദീപികയില്‍ ജോലിചെയ്തു. എം.പി.പോളുമായുള്ള സൗഹൃദമാണ് വര്‍ക്കിയെ സാഹിത്യത്തിലേക്കു തിരിച്ചുവിട്ടത്. 26 വര്‍ഷം ദീപികയുടെ പത്രാധിപസമിതി അംഗമായി പ്രവര്‍ത്തിച്ചുകൊണ്ടാണ് മലയാളിയുടെ വായനാഭിരുചിയെ പരിപോഷിപ്പിച്ച പുസ്തകങ്ങളിലൂടെ വര്‍ക്കി മഹാത്ഭുതമായത്. ആത്മാഞ്ജലി എന്ന കാവ്യത്തോടെയാണ് വര്‍ക്കി സാഹിത്യരംഗത്ത് കടന്നുവന്നത് സര്‍ ആര്‍തര്‍ കോനന്‍ ഡോയലിന്റെ വിശ്വപ്രസിദ്ധമായ ഷെര്‍ലക് ഹോംസ് നോവലുകള്‍, ബോറിസ് പാസ്റ്റര്‍നാക്കിന്റെ ക്ലാസിക് നോവല്‍ ഡോക്ടര്‍ ഷിവാഗോ എന്നിവ വര്‍ക്കി മലയാളത്തിലേക്കു വിവര്‍ത്തനം ചെയ്തു. 1953-ല്‍ രചിച്ച ശുദ്ധ പ്രണയകഥയായ ഇണപ്രാവുകളിലൂടെയാണ് അദ്ദേഹം ജനപ്രിയ നോവല്‍ സാഹിത്യത്തിന് തുടക്കം കുറിച്ചത്. രണ്ടാമത്തെ നോവലായ പാടാത്ത പൈങ്കിളി സാമൂഹികപരിവര്‍ത്തനം ലക്ഷ്യമിട്ടെഴുതിയ കാല്‍പനിക പ്രേമകഥയാണ്. ജീവിതത്തിന്റെ സങ്കീര്‍ണ്ണതകളെ ലളിതവല്‍ക്കരിക്കുന്ന, ദര്‍ശനരഹിതവും ഉപരിപ്ലവവുമായ സാഹിത്യരചനകളുടെ മാതൃകകളായി ഇദ്ദേഹത്തിന്റെ കഥകള്‍ വിമര്‍ശിക്കപ്പെട്ടു. അത്തരം രചനകളെ വിശേഷിപ്പിക്കുന്ന ‘പൈങ്കിളി സാഹിത്യം’ എന്ന പ്രയോഗത്തിന്റെ പിറവിക്കു പോലും പാടാത്ത പൈങ്കിളിയുടെ സൃഷ്ടാവായ മുട്ടത്തു വര്‍ക്കി കാരണക്കാരനായി. ആക്ഷേപങ്ങളും അധിക്ഷേപങ്ങളും തുടരുമ്പോഴും, പല പ്രസിദ്ധീകരണങ്ങളും അക്കാലത്ത് അടച്ചുപൂട്ടാതെ അതിജീവിച്ചത് പൈങ്കിളികളെന്ന് വിമര്‍ശനം ഉയര്‍ന്ന മുട്ടത്തുവര്‍ക്കിയുടെ നോവലുകളുടെ ബലത്തിലായിരുന്നു. വര്‍ക്കിയുടെ രചനകള്‍ അച്ചടിക്കാന്‍ സാഹിത്യപ്രവര്‍ത്തക സഹകരണ സംഘം ആദ്യം വിസമ്മതിച്ചു. ഡി.സി.കിഴക്കേമുറി മുന്‍കയ്യെടുത്താണ് അവ പ്രസിദ്ധീകരിച്ചത്. പാടാത്ത പൈങ്കിളിയും ഇണപ്രാവുകളുമൊക്കെ വന്‍ലാഭമാണ് എന്‍.ബി.എസിനു നേടിക്കൊടുത്തത്. മറിയക്കുട്ടി, തെക്കന്‍കാറ്റ്, വഴിതെറ്റിവന്ന മാലാഖ, കരകാണാക്കടല്‍, അക്കരപ്പച്ച, മയിലാടുംകുന്ന്, ഫിഡില്‍, പട്ടുതൂവാല, നാത്തൂന്‍, വെളുത്ത കത്രീന തുടങ്ങിയവ അദ്ദഹത്തിന്റെ മികച്ച നോവലുകളാണ്. ബാലസാഹിത്യ രചനയിലെ മാസ്റ്റര്‍പീസ് ഒരു കുടയും കുഞ്ഞുപെങ്ങളും സ്‌കൂളുകളില്‍ ഉപപാഠപുസ്തകമായിരുന്നു. വിവിധ ഇന്ത്യന്‍ഭാഷകളിലേക്കും റഷ്യന്‍ഭാഷയിലേക്കും വിവര്‍ത്തനം ചെയ്യപ്പെട്ട ഈ കൃതി മലയാളത്തിലെ ഏറ്റവും പ്രിയപ്പെട്ട ബാലസാഹിത്യകൃതികളിലൊന്നാണ്. വര്‍ക്കിയുടെ മുപ്പത്തഞ്ചോളം നോവലുകള്‍ സിനിമകളായി. ഇണപ്രാവുകള്‍, അഴകുള്ള സെലീന, ഒരു കുടയും കുഞ്ഞുപെങ്ങളും, ചട്ടമ്പിക്കവല, പച്ചനോട്ടുകള്‍, പാടാത്ത പൈങ്കിളി, കരകാണാക്കടല്‍, പൂന്തേനരുവി, മയിലാടുംകുന്ന്, വെളുത്ത കത്രീന, സ്‌നാപക യോഹന്നാന്‍ എന്നിവ ഇതില്‍പ്പെടും. വര്‍ക്കിയുടെ മരണശേഷം അദ്ദേഹത്തിന്റെ വേലി എന്ന നോവല്‍ ആധാരമാക്കി നിര്‍മിച്ച ചലച്ചിത്രമാണ് കോട്ടയം കുഞ്ഞച്ചന്‍. പാടാത്ത പൈങ്കിളിക്കു പ്രസിഡന്റിന്റെ സ്വര്‍ണ്ണമെഡല്‍ ലഭിച്ചു.ഒരു ഞായറാഴ്ച നോവൽ പ്രസിദ്ധീകരിക്കാത്തതുകാരണം ആയിരക്കണക്കിന് ജനങ്ങൾ പത്രമാവീസിൽ തടിച്ചുകൂടിയ കഥയും കോട്ടയംകാർ ഓർമ്മിക്കുന്നുണ്ട് . തിരുവനന്തപുരം കൊട്ടാരത്തില്‍ വിളിച്ച് ശ്രീചിത്തിര തിരുന്നാള്‍ മഹാരാജാവ് അഭിനന്ദനമറിയിച്ചു. ആറ് ആണ്മക്കളും മൂന്ന് പെണ്മക്കളം വര്‍ക്കിക്കുണ്ടായി. ഭാര്യ തങ്കമ്മ വര്‍ക്കി. മധ്യകേരളത്തിലെ സാധാരണക്കാരുടെ ജീവിതം ഹൃദയാവര്‍ജ്ജകമായി ആവിഷ്‌കരിച്ച മുട്ടത്തുവര്‍ക്കി 1989 മേയ് 28 ന് അന്തരിച്ചു.
വള്ളുവനാടൻ