തരളമാനസം
*തിങ്കളും താരങ്ങളും ദാർശനികതയുടെ മാനത്തിൽ*
ശരിയായ പദ്യകാരനാണു ശ്രീ ടി.എസ്.സുരേഷ് കുമാർ.കൈത്തഴക്കമാർന്ന രചനകളുടെ കർത്താവ് എന്നു തന്നെ ഇക്കവിയെ നിസ്സംശയം വിളിക്കാം.കഴിഞ്ഞ കാലത്തെ ഒരു ലേഖകനും നിരൂപകനുമായിരുന്നത് ഇതിനുപോദ്ബലകം. ഗദ്യകവിതകളുടെ രൂപവും കടന്ന് മലയാള കവിതകൾ ഗദ്യം തന്നെയായി മാറിയിരിക്കുന്ന ഇക്കാലത്ത് ശരിയായ പദ്യരൂപത്തിൽ കവിതയെഴുത്തു തുടർന്നു കൊണ്ടേയിരിക്കുന്നു അദ്ദേഹം.തൻ്റെ മനസ്സിലൊരുക്കിയടുക്കിയ താളത്തിനനുസരിച്ച് അനർഗ്ഗളമൊഴുകുന്ന പദങ്ങളാൽ മനസ്സിനിണങ്ങിയ വരികൾ ചമച്ചു കൊണ്ടേയിരിക്കുന്നു.
ചങ്ങമ്പുഴക്കവിതകളെ ഓർമ്മിപ്പിക്കുമാറ് ലളിതവും തരളവുമാണ് അദ്ദേഹത്തിൻ്റെ രചനകൾ. ഒരു പക്ഷേ ആ കവിസാർവ്വഭൗമനോടുള്ള മനസാ ആധമർണ്യവുമാവാം. അതിനാൽ ആർക്കും വായിച്ചാസ്വദിക്കാവുന്നവയും നിർവിഘ്നം ചൊല്ലാവുന്നവയുമാണ് അദ്ദേഹത്തിൻ്റെ കവിതകൾ. സുഗ്രഹവും സാധാരണവുമായ പദസഞ്ചയങ്ങളും അവയുടെ പര്യായവാചി ശബ്ദങ്ങളും വായനക്കാരനെ ഈ കവിതകളിലേക്കടുപ്പിക്കുകയും ആസ്വാദനത്തിൻ്റെ പാരമ്യതയിൽ കൊണ്ടുചെന്നെത്തിക്കുകയും ചെയ്യുന്നു.
ഒറ്റനോട്ടത്തിൽ ടി.എസിൻ്റെ കവിതകൾ വായനക്കാരനു സുഗമമായനുഭവപ്പെടുമെങ്കിലും ആദ്യത്തെ വായനയിൽത്തന്നെ അർത്ഥത്തിൻ്റെയും ആശയത്തിൻ്റെയും ഗഹനത ഒന്നമ്പരപ്പിക്കും. പ്രണയം, പ്രകൃതി, ആദ്ധ്യാത്മികം, സാമൂഹികം എന്നീ നാലു പ്രധാന ഘടകങ്ങളാണ് ടി.എസിൻ്റെ കവിതകളുടെ അടിയൊഴുക്കും ഉൾക്കനത്തിൻ്റെ ആധാരവും.
*പ്രണയം.*
ജീവിതത്തെ ഒരുപോലെ ലഹരി പിടിപ്പിക്കുന്ന രണ്ടു ഘടകങ്ങളാണ് ഭക്തിയും പ്രണയവും. ഭക്ത്യുന്മാദത്തിൽപ്പെട്ട് സർവ്വവും മറക്കുന്നതു പോലെ തന്നെയാണ് പ്രണയത്തിൻ്റെ മാസ്മരികതയും. ഇവ രണ്ടും മനസ്സിനെ പരമാനന്ദം കൊള്ളിക്കുന്നു; മറ്റെല്ലാം മറന്ന് അവയിലേക്കു മാത്രം വിലയം പ്രാപിക്കാൻ പ്രേരിപ്പിക്കുകയും ചെയ്യുന്നു.ഇവയിലേതെങ്കിലും വിഷയത്തെ അടിസ്ഥാനമാക്കി എഴുതുന്ന കവിതയിൽത്തന്നെ ഇതര ചിന്തകൾ കൂടി ഉണ്ടെന്നുള്ളതാണ് കവിയുടെ രചനയിലെ ഏറ്റവും ശ്രദ്ധേയമായ പ്രത്യേകത;പ്രത്യേകിച്ചും പ്രണയം വിഷയമാകുമ്പോൾ. പ്രണയവും പ്രകൃതിയും എപ്പോഴും ബന്ധപ്പെട്ടുകിടക്കുന്നു. എന്നാൽ അനുരാഗ കവിതകളെഴുതുമ്പോൾ അതിൻ്റെ പാരമ്യത്തിൽ ആദ്ധ്യാത്മികതയുടെ തത്ത്വാധിഷ്ഠിത ദർശനങ്ങൾ അതിന്നടിയുറപ്പിക്കാനെന്നവണ്ണം കടന്നു വന്ന്, അവയുടെ പ്രാധാന്യം അനുരാഗത്തിൻമേലും എങ്ങനെ സ്വാധീനിക്കുന്നുവെന്ന് തികച്ചും അവധാനത പൂണ്ട്, എന്നാൽ നിസ്സംഗതയോടെ പറയുന്ന കവിയെ നമുക്കു കാണാം.