മിന്നാമിന്നികൾ (ബാലസാഹിത്യം -കവിതകൾ )
ബാല്യകാല വിശേഷങ്ങളും , കൗതുകങ്ങളുമായാണ് ശിവരാജൻ കോവിലഴികം എന്ന കവി നമ്മുടെ മുന്നിലെത്തുന്നത് . അമ്മയും, ജലവും , സംഗീതവും , മുത്തശ്ശിയും , മഴയും , മേഘങ്ങളും , കവിതകളായി ബാലമനസ്സുകളെ ഇളക്കിമറിക്കുന്നു . “ അമ്മയ്ക്കു തുല്യരെല്ലാരുമീ മണ്ണിൽ “ എന്ന് കവി ഉറച്ചു വിശ്വസിക്കുന്നു . അതുപോലെ ജലത്തെയും കവി ആവേശപൂർവം വർണ്ണിക്കുന്നു .
“ ജലമില്ലായെങ്കിൽ നമുക്കു ചുറ്റും
കാണില്ല , ജീവന്റെ കണികപോലും “ ഇവിടെ കവി ശാസ്ത്രസത്യങ്ങൾ തുറന്നുപറയുന്നു . “ സംഗീതം” എന്ന കവിതയിലെ താളവും ലയവും , ഈണവും ശ്രദ്ധിക്കൂ …
“ ചൂളമടിച്ചു വരുന്നൊരു കാറ്റിൻ
ചുണ്ടിലുമുണ്ടേ സംഗീതം …”
‘അമ്മമനസ്സ്’ ഒരു സംഗീത കടലാണെന്നു കവി പാടുന്നു . കവി മനസ്സിൽ മുത്തശ്ശിയും നിറഞ്ഞു നിൽക്കുന്നുണ്ട് .
“മഴ , മഴ , മഴ , മഴ കന്നിമഴ
മണ്ണുനനയ്ക്കാൻ വന്നുമഴ …
ശിവരാജന്റെ കവിതകൾ എല്ലാ അർത്ഥത്തിലും നമ്മുടെ കുട്ടികൾക്ക് പുതിയ സ്വപ്നങ്ങളും , ചിന്തകളും സമ്മാനിക്കുന്നു . ഇങ്ങനെ നല്ല കവിതകൾ സമ്മാനിക്കുന്ന ശിവരാജിനെ അനുമോദിക്കുന്നു , ആശംസകൾ നേരുന്നു .
സി .ആർ . ദാസ്
കേരള സാഹിത്യഅക്കാദമി അവാർഡ് ജേതാവ്
ശിവരാജൻ കോവിലഴികം