വസുദേവം

പ്രസിദ്ധീകരിച്ചത്: സാഹിതി പബ്ലിക്കേഷൻസ്

ഗീത ദേവ് എഴുതിയ ആദ്യ കവിതാസമാഹാരമാണ് “വസുദേവം”. നിരവധി മുഖപുസ്തക കൂട്ടായ്മകളിൽ എഴുതുകയും നിരവധി പുരസ്കാരങ്ങളും ഗീതയെ തേടിയെത്തിയിട്ടുണ്ട് . മുഖപുസ്തകത്തില്‍ വളരെ കുറച്ച് നല്ല സാഹിത്യഗ്രൂപ്പുകളില്‍ മാത്രമാണ് ഗീത ദേവിന്റെ  സര്‍ഗ്ഗ സൃഷ്ടികള്‍ കാണാന്‍ കഴിയുക . കവിത വെറും വാക്കുകളുടെ കസര്‍ത്തുകള്‍ അല്ല . അനുവാചകനെ ഇരുത്തിച്ചിന്തിക്കുവാന്‍ പോരുന്നതാവണം എന്ന ഒരു വാശിയോടെയാണ് ഗീതയുടെ കവിതകള്‍ നമ്മിലേക്ക്‌ എത്തുന്നത് . മിക്കവാറും എല്ലാ കവിതകളും മികവു പുലര്‍ത്തുന്നവ തന്നെ . 49 -കവിതകൾ അടങ്ങുന്ന ഈ പുസ്തകത്തിലെ എല്ലാ കവിതകളെയും വിലയിരുത്തുക ശ്രമകരമാണെങ്കിലും ശ്രാദ്ധേയമായ ചില കവിതകളെക്കുറിച്ച് പരാമർശിക്കാതെ വയ്യ . ആദ്യകവിതയായ “എൻ്റെ കേരളം” എന്ന കവിത തന്നെ ഇന്നത്തെ കേരളത്തിന്റെ അപചയങ്ങൾക്കെതിരെയുള്ള ഒരു മഴുവേറാണ് 

എന്റെ കേരളം

“ഇവിടെയെനിക്കൊരു  മഴുവെറിയണം 

നവ്യ കേരളമൊരുക്കിയെടുക്കണം

നിത്യ ഹരിത സാനു വൃന്ദങ്ങളിൽ 

രുധിര വർണ്ണത്തിൻ കഥകൾ തിരയണം 

കുരുതികൾ പലതും തേടി നടക്കണം

ചുരുളഴിക്കാനിനി കഥകളത്രമേൽ

നീതി തേടുന്ന ദേവതയ്ക്കിവിടെ 

കണ്ണടകൾ പലതും മാറ്റി നൽകണം”

ജീവിതം കണ്ട ഒരു മനസ്സിൻ്റെ  ഉൾവിലാപങ്ങൾ ഇങ്ങനെയൊക്കെയാണ്. ലോകത്തിൻ്റെയുള്ളിലേക്ക് നോക്കാനുള്ള കഴിവു കിട്ടിയതെങ്ങനെയാണ്? അത് കവിയുടെ വിധിയാണ്. അയാൾക്ക് ചില സത്യങ്ങൾ കണ്ടേ പറ്റൂ . അയാളെ കവിത എവിടെയൊക്കെയോ കൊണ്ടുപോകുന്നു . എന്തൊക്കെയോ കാണിക്കുന്നു . തൻ്റെയുള്ളിൽ കവി മറ്റൊരാളെ ഇതിനായി സജ്ജമാക്കുകയാണ്. കവിതകൊണ്ട് കാണേണ്ട ചില കാര്യങ്ങളുണ്ട്; കവിത കൊണ്ട് അറിയേണ്ടതും  കവിതകൊണ്ട്  രൂപാന്തരപ്പെടുന്നതുണ്ട്,  അതിലാണ് കവി ജീവിക്കുന്നത്. കവി  എല്ലാവരും ഉറങ്ങുമ്പോൾ ഉണർന്നിരുന്ന്  അസാധാരണസത്യങ്ങൾ ദർശിക്കുന്നു. തൻ്റെ മുന്നിൽ വേഷപ്രച്ഛന്നമായി വന്ന ലോകം എങ്ങനെയെല്ലാമാണ് ഉടയാടകൾ അഴിച്ചു നഗ്നമാകുന്നതെന്ന് അയാൾ കണ്ടുപിടിക്കുന്നു. വ്യഥിത ജീവിതമേ എന്ന കവിതയിൽ  ഗീത ദേവ് പറയാൻ ശ്രമിക്കുന്നതുമിതു തന്നെയാണ് .

വ്യഥിത ലോകമേ

അർത്ഥപദവികൾ അനർഹമായ് കിട്ടിയോർ

അർത്ഥമറിഞ്ഞീടാൻ നെട്ടോട്ടമോടുന്നു

അല്പത്തരത്തിൻ വാക്കുടവാളുകൾ

അങ്കം കുറിക്കുന്നു സ്വന്തബന്ധങ്ങളിൽ

അശ്വം കണക്കെ കുതിക്കുമൊരു ലോകമേ

അൻപഴകെല്ലാമേ ലഹരിയുടെ കോപ്പയിൽ

നിത്യം നിക്ഷേപിച്ചുത്‌സുകരാകുമ്പോൾ

ഓർക്കുക പതർച്ചകൾ പകരുമൊരു തലമുറയെ.

പുതുകവികള്‍ക്ക് കവിത നിത്യജീവിതത്തിന്‍റെ നേരാവിഷ്കാരമാണ്. തികഞ്ഞ സത്യസന്ധതയാണ് പുതിയകവിതയുടെ ആഖ്യാനതന്ത്രം. വളച്ചുകെട്ടുകളും ആടയാഭരണങ്ങളുമില്ലാതെ ജീവിതത്തോടുള്ള വളരെ സ്വാഭാവികമായ പ്രതികരണമാവുന്നു, അത്. പുതിയഭാവുകത്വത്തോടെ നവജീവിതയാഥാര്‍ഥ്യങ്ങള്‍ കവിതയായിത്തീരുന്നു. പുതുകാലത്തിന്‍റെ ആധികള്‍, പുതുകാലത്തിന്‍റെ പേരില്ലാപ്രശ്നങ്ങള്‍.. സ്ത്രീമനസ്സിന്‍റെ താളങ്ങള്‍ ഈ കവിതയില്‍ എത്ര മനോഹരമായി ആണ് ഗീത ദേവ്   കോര്‍ത്തിണക്കിയിരിക്കുന്നത് .

[checkout_link]