ദക്ഷ
ദക്ഷ (Daksha)
കാവല്ലൂർ മുരളീധരൻ
ഭാഷാപ്രയോഗങ്ങളിലെ സൂക്ഷ്മതയാണ് ഈ കൃതിയെ ഹൃദ്യമാക്കുന്ന ഒരു ഘടകം. വാക്കുകൾ കൊണ്ടുള്ള മാന്ത്രികതയല്ല, മറിച്ച് ലളിതവും എന്നാൽ അർത്ഥഗർഭവുമായ പദാവലികളാണ് ഇവിടെ ഉപയോഗിച്ചിരിക്കുന്നത്. കടൽക്കാറ്റുപോലെ ശാന്തമായും എന്നാൽ ചിലപ്പോൾ ചുഴലിക്കാറ്റുപോലെ തീവ്രമായും വായനക്കാരന്റെ ഉള്ളിലേക്ക് ആഴ്ന്നിറങ്ങാൻ ഈ ഭാഷയ്ക്ക് സാധിക്കുന്നു. കാവ്യഭാഷയുടെ ലാളിത്യവും ദാർശനികതയുടെ ഗാംഭീര്യവും ഒരേപോലെ ഇണക്കിച്ചേർത്ത ശൈലി വായനക്കാരനെ പുസ്തകത്തിന്റെ അവസാനതാൾ വരെ മടുപ്പില്ലാതെ കൊണ്ടുപോകുന്നു. വിദേശരാജ്യത്തെ സ്വന്തം അനുഭവങ്ങളാവാം ഈ രചനയ്ക്കായി അക്ഷരക്കൂട്ടങ്ങളുണ്ടാക്കുമ്പോൾ പ്രവാസത്തിന്റെ കൂടി കണ്ണീർച്ചാട് ചേർക്കാൻ കാവല്ലൂരിന് പ്രത്യേകമായ ഒരു നിപുണത രൂപപ്പെടുത്തിയത് എന്നു കരുതാം.
ദക്ഷയുടെയും ടോറയുടെയും ജീവിത നിമിഷങ്ങൾ, ഹസ്തിനപുരി എസ്റ്റേറ്റ്, ഏകാന്ത ബംഗ്ലാവ്, വിദ്യാലയം, മുത്തശ്ശനും മുത്തശ്ശിയും ടീച്ചറും ഡോക്ടർ ആൽക്കയും എല്ലാം നമുക്കു ചുറ്റും ജീവിക്കുന്ന മുഖങ്ങൾ തന്നെയല്ലേ. ഓരോ കഥാപാത്രത്തെയും അവിസ്മരണീയമാക്കുന്നതിനൊപ്പം വായനക്കാരനെ കഥയുടെ ഭാഗമാക്കി മാറ്റുന്ന മാനുഷികത ഈ എഴുത്തിലുണ്ട്. രേഖീയമായ ഒരു കഥാകഥന രീതിയേക്കാൾ ഉപരിയായി, ഭൂതകാലത്തെയും വർത്തമാനത്തെയും ഭാവനയുടെ നൂലുകളാൽ ബന്ധിപ്പിച്ചുകൊണ്ടുളള നോവലിസ്റ്റിന്റെ യാത്ര വായനയെ ഒരു പുതിയ അനുഭവമാക്കുന്നു.
- ഡോ. പത്മനാഭൻ കാവുമ്പായി

