ദയാവധം
ദയാവധം (Dhayavadham) - കഥകൾ
കാവല്ലൂർ മുരളീധരൻ
നാം സാധാരണ വായിക്കാറുള്ള ചെറുകഥകളിൽ നിന്നും ഈ സമാഹാരത്തിലെ കഥകൾ തീർത്തും ഭിന്നമാണ്. രൂപത്തിലും ഭാവത്തിലും ഘടനയിലും ആ വ്യത്യാസം പ്രകടമായി തന്നെ കാണാം. ചെറുകഥ എന്ന കലാമാധ്യമത്തിനു പുതുരൂപം കൊടുക്കുവാൻ ഈ കഥാകാരൻ ശ്രദ്ധിച്ചിരിക്കുന്നു. വിശദമായ കഥ പോയിട്ട് പേരിനൊരു കഥ പോലും ഇല്ലാത്ത കഥകളും സമാഹാരത്തിലുണ്ട്. കഥാപാത്രങ്ങളില്ലാത്ത കഥകളും ഇവിടെ കാണാം. ഈ കഥകളിൽ സാമ്പ്രദായിക രീതിയിലുള്ള കഥയില്ലെങ്കിലും അവ വായനക്കാരെ ആകർഷിക്കുന്നു. വായനക്കാരുടെ സവിശേഷമായ ശ്രദ്ധ പിടിച്ചെടുക്കുന്നു എന്നു കാണാം. മനുഷ്യ ജീവിതത്തെക്കുറിച്ചുള്ള കലാകാരന്റെ അന്വേഷണം കഥകളിലുള്ളതുകൊണ്ടാണ് അങ്ങനെ സംഭവിക്കുന്നത്. ജീവിത രഹസ്യങ്ങൾ ഈ കഥാകാരൻ കഥയിലൂടെ വെളിവാക്കുവാൻ ശ്രമിക്കുന്നു. ഉചിതമായ പദഘടനകളും ശൈലിയും ഉപയോഗിച്ച് കഥാശില്പത്തിന് രൂപം കൊടുക്കുവാനും കഥാകാരൻ ശ്രദ്ധിച്ചിരിക്കുന്നു. തീർത്തും ലളിതമായ രീതിയിൽ ജീവിത സത്യങ്ങൾ ആവിഷ്കരിക്കുന ഈ എഴുത്തുകാരൻ മനുഷ്യ ജീവിതത്തെ ആഴത്തിലറിയുവാൻ ഓരോ കഥയിലും പരിശ്രമിച്ചിട്ടുണ്ട്.
- ഡോ. പ്രസന്നരാജൻ

