കടൽനീലം

പ്രസിദ്ധീകരിച്ചത്: ഡിസി -ബുക്ക്സ്

മാലദ്വീപിന്റെ കാണാക്കാഴ്ചകളിലേക്ക് വായനക്കാരെ കൂട്ടിക്കൊണ്ടുപോയി ജയചന്ദ്രൻ മൊകേരി
വീണ്ടും അക്ഷരജാല വിസമയം തീർക്കുന്നു. ദ്വീപിൽ അധ്യാപക ജോലിക്കായി പോയി, ചെയ്യാത്ത
കുറ്റത്തിന് 25 വർഷത്തിലേറെക്കാലം തടവുശിക്ഷ വിധിക്കപ്പെടാവുന്ന വകുപ്പുകൾ ചേർത്ത കേസിൽ
കുരുക്കപ്പെട്ട് ജയിലിലായ ജയചന്ദ്രന്റെ തടവറക്കഥകളും ജയിൽ മോചനവും വിവരിക്കുന്ന ‘തക്കിജ്ജ:
എന്റെ ജയിൽ ജീവിതം’ എന്ന പുസ്തകത്തിനു ശേഷമാണ് ‘കടൽനീലം’ എന്ന ദ്വീപ് അനുഭവകഥകൾ
പുറത്തു വന്നിരിക്കുന്നത്. ഡിസി ബുക്സ് തന്നെയാണ് കടൽ നീലത്തിന്റെയും പ്രസാധകർ. തക്കിജ്ജ
കേരള സാഹിത്യ അക്കാദമി അവാർഡ് അടക്കുള്ള നിരവധി പുരസ്കാരങ്ങൾ സ്വന്തമാക്കുകയും
ചെയ്തു. തക്കിജ്ജ ജയചന്ദ്രൻ മാലദ്വീപിൽ എത്തുന്നതു മുതലുള്ള അനുഭവക്കുറിപ്പുകളാണ്.
അധ്യാപക ജോലിക്കിടെ കേസിൽ പെടുന്നതും തടവിലാകുന്നതും ഒടുവിൽ ജയിൽ മോചിതനാകുന്നതും
ഒന്നിനു പിറകേ ഒന്നായി തുന്നിചേർത്താണ് അത് ഒരുക്കിയതെങ്കിൽ ‘കടൽനീലം’ ദ്വീപ് പോലെ
ചിതറിക്കിടക്കുന്ന അനുഭവങ്ങളെയും ചിന്തകളെയും കോർത്തു വച്ചതാണ്. ചെയ്യാത്ത കുറ്റത്തിന്
അപമാനവും തടവും അനുഭവിക്കേണ്ടി വന്ന അധ്യാപകന്റെ കഥയായിരുന്നു ‘തക്കിജ്ജ: എന്റെ
ജയിൽ ജീവിതം’. സർക്കാർ, നിയമം, കോടതി, പൊലീസ്, സമൂഹം തുടങ്ങിയ വ്യവസ്ഥകൾക്കെതിരെ
ഒരു വ്യക്തി നടത്തിയ പോരാട്ടം. ജീവിതാനുഭവങ്ങളിലെ നിർഭാഗ്യങ്ങൾക്കിടയിലും ഭാഗ്യത്തിന്റെ
ഒരു നൂലേണി പല തലങ്ങളിൽ നിന്ന് ജയചന്ദ്രനെ തേടി വന്നതാണ് അദ്ദേഹത്തിന്റെ മോചനത്തിന്
വഴിയൊരുക്കിയത്. അത്തരത്തിൽ ഒരു നിഴൽ ഭാഗ്യം പോലും ലഭിക്കാതെ ജയിലുകളിൽ കഴിയുന്നത്
എത്രയെത്ര പേർ. അതു കൊണ്ടാണ് ദ്വീപ് അനുഭവങ്ങൾ കുറിക്കുമ്പോൾ ജയചന്ദ്രൻ അനുഭവിച്ച
ഉൾച്ചൂട് അത് വായിക്കുമ്പോൾ വായനക്കാരനേയും തേടിയെത്തുന്നത്.

[checkout_link]